'തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണം', മുംബൈ ഹൈക്കോടതിയിൽ ബിനോയ് കോടിയേരിയുടെ ഹർജി


മുംബൈ: യുവതിയെ വിവാഹ വാഗ്‍ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തനിക്കെതിരായി റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. മറ്റന്നാൾ ഹർജി മുംബൈ ഹൈക്കോടതി പരിഗണിക്കും. 


മുംബൈ ദിൻദോഷി കോടതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിഹാർ സ്വദേശിനിയായ യുവതി നൽകിയ കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിള്‍ ശേഖരിക്കാനാണ് മുംബൈ പൊലീസിന്‍റെ തീരുമാനം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിലുള്ള എട്ടു വയസ്സുള്ള കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് നൽകണമെന്നുമാണ് യുവതിയുടെ പരാതി. 


കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ്‌ രക്ത സാമ്പിൾ നൽകിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കാനിരിക്കുകയായിരുന്നു. ഇന്ന് എഫ്ഐആർ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനാൽ ഇന്നും രക്തസാമ്പിൾ നൽകാൻ ബിനോയ് കോടിയേരി തയ്യാറായേക്കില്ല. 


ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിൻദോഷി സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്.

Share this news

           

RELATED NEWS

Binoy Kodiyeri