കർണാടക: വിശ്വാസ വോട്ടിൽ അടിയന്തിര ഇടപെടലില്ലെന്ന് സുപ്രീം കോടതി, വിമതർക്കെതിരെ അയോഗ്യതാ നടപടികളുമായി സ്പീക്കർ


കർണാടകയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകൾ‌ക്കിടെ വിഷയത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് ഇന്ന് അഞ്ച് മണിക്കുള്ളിൽ നടത്തണം എന്നാവശ്യപ്പെട്ട് രണ്ട് സ്വാതന്ത്ര എംഎൽഎമാർ നൽകിയ ഹർജി രാവിലെ ചീഫ് ജസ്റ്റിസിന് മുമ്പാകെ അഭിഭാഷകർ പരാമർശിച്ചതിന് മറുപടിയായാണ് കോടതി ഇക്കാര്യം അറിയിച്ചത്.

വിശ്വാസ വോട്ട് സംബന്ധിച്ച് സ്പീക്കർക്ക് നിർദേശം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഹര്‍ജി കോടതി നാളെ പരിഗണിക്കും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഇല്ലാതാക്കാന്‍ കോടതി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. എംഎല്‍എമാരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് വിശ്വാസവോട്ടെടുപ്പിന് മുമ്പ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.


അതേസമയം, വിമത എംഎൽഎമാർക്കെതിരെ അയോഗ്യത നടപടികളുമായി മുന്നോട്ട് പോവുകയാണ് കർണാടക സ്പീക്കർ രമേഷ് കുമാർ. നാളെ രാവിലെ 11 മണിക്ക് മുമ്പ് ഹാജരാകണമെന്ന് സ്പീക്കർ ഇവരെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി രാവിലെ സ്പീക്കറെ കണ്ടു. എന്നാൽ ഈ ആവശ്യം സ്പീക്കർ തള്ളിയതായാണ് വിവരം. തിങ്കളാഴ്ച ചർച്ചകൾ പൂർത്തിയാക്കി വോട്ടെടുപ്പിലേക്ക് നീങ്ങാമെന്നായിരുന്നു നേരത്തെ കുമാര സ്വാമി അറിയിച്ചത്. ഇതിൽ ഉറച്ച് നിൽക്കണമെന്നാണ് സ്പീക്കർ അറിയിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.


എന്നാൽ, വിശ്വാസ പ്രമേയ ചർച്ച ഇന്ന് പൂർത്തിയാക്കുമെന്ന പറയുമ്പോഴും 15 വിമത എംഎൽഎമാരും രാജിയിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ ഭരണ പക്ഷത്തിന് ഭൂരിപക്ഷം ഉണ്ടാകാനിടയില്ല. വിമതർക്ക് പുറമെ കോൺഗ്രസ് എംഎൽഎമാരായ ശ്രീമന്ത് പാട്ടീൽ, ബി നാഗേന്ദ്ര എന്നിവരുടെ അസാന്നിധ്യവും കോൺഗ്രസിന് തിരിച്ചടിയാകും. കർണാടകയിലെ ഏക ബിഎസ്പി അംഗത്തോട് സർക്കാരിന് വോട്ട് ചെയ്യാൻ പാർട്ടി അധ്യക്ഷ മായാവതി നിർദ്ദേശിച്ചിട്ടുണ്ട്.


അതേസമയം തങ്ങള്‍ തിരിച്ചുപോകില്ലെന്നും ആരും തങ്ങളെ തടഞ്ഞ് വച്ചിട്ടില്ലെന്നുമാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരുടെ വാദം. ഈ സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്ലത് ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ജെഡിഎസ് എംഎല്‍എ കെ ഗോപാലയ്യ പുറത്തുവിട്ട വീഡിയോയില്‍ അറിയിച്ചു. മറ്റ് പത്ത് എംഎല്‍എമാര്‍ക്കൊപ്പമാണ് എംഎല്‍എമാര്‍ വീഡിയോയില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ വാജുഭായ് വാല പറഞ്ഞ രണ്ട് സമയത്തും വിശ്വാസവോട്ട് നടക്കാതെ വന്നതോടെ രണ്ട് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Share this news

           

RELATED NEWS

Karnataka